ഇത് കൊച്ചി. എന്നാൽ പഴയ കൊച്ചിയല്ല. ഇപ്പോളിവിടെ രാത്രി സഞ്ചരിച്ചാൽ തോന്നും പകലാണെന്ന്. റോഡിനിരുവശവും കൂറ്റൻ കെട്ടിടങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം വിതറി മൽസരിക്കുന്നു. ജീവിതപ്പകലിന്റെ കുറവുകൾ നികത്താനെന്നപ്പോലെ. എവിടേയും ഹൈപർ മാർക്കറ്റുകൾ, മാളുകൾ. ഇടവിട്ടിടവിട്ട് കൂറ്റൻ കോൺക്രീറ്റ് കാലുകളിൽ മെട്രോ. അവ തലച്ചോറിലെ നാഡിവ്യൂഹങ്ങൾ പോലെ ജനയൊഴുക്കിൽ ത്രസിച്ചു നിൽക്കുന്നു. പഴയ ഓർമ്മക്കുറിപ്പുകളുടെ ഭണ്ഡാരക്കെണികൾ നുകർന്നുകൊണ്ടൊരു സമൂഹം. അവർ നീർവൃതി തേടി മണത്തു നുണഞ്ഞു നിൽക്കുന്നു. ആരോ പണിതീർത്ത പരീക്ഷണശാലകളിലെ എലികളെപ്പോലെ. ട്യൂബുകൾ അവയെ ഒരുവശത്തുനിന്നു വലിച്ചെടുത്തു അതി വേഗത്തിൽപ്പാഞ്ഞ് മറുവശത്ത് കൊണ്ട് തുപ്പുന്നു, നിർവൃതിയുടെ മടിയിൽ!
മിന്നാമിനുങ്ങുകൾക്ക് പകരം എൽ. ഈ ഡി. ലൈറ്റുകൾ. മരങ്ങളിൽ, പള്ളികളിൽ, കടകളിൽ, പോസ്റ്റുകളിൽത്തൂങ്ങി നിന്ന് സൊറ പറയുന്നു, സങ്കടം പങ്കുവെക്കുന്നു. ഡിവൈഡറുകളിൽ പകൽ സമയങ്ങളിൽ ജീവനില്ലാതെ നില്ക്കുന്ന ബിൽബോർഡുകൾ രാത്രി ഉയിർത്തെഴുന്നേറ്റ് ഒരു ലാർജ്ജ് അകത്താക്കിയിട്ടാണെങ്കിലും വെട്ടിത്തിളങ്ങുന്നു. വാഹനങ്ങൾ ഇരമ്പിപ്പായുന്നു, മതിവരാതെ, എങ്ങുമെത്താതെ. ഇതിനിടയിൽ ബസ്സ്റ്റോപ്പുകളിൽ, റോഡിന്നരികിൽ, മൊബൈൽ എന്ന മഹാ സമുദ്രത്തിൽ തീരാത്ത ദാഹം തീർക്കാൻ കാലുകളിട്ടാട്ടിയും, പിന്നെ അതിലിറങ്ങി, അന്തംവിട്ടു നില്ക്കുന്നവരായ കുറേ കൊച്ചു മനുഷ്യർ. അതിലൊരുവൾ ഞാൻ. എല്ലാവരും നോക്കുന്നു, മൊബൈലിലേക്ക്. ഞാനും നോക്കി. സമയം 9.30 രാവിലെ.
നഗരം പുതിയതോ പഴയതോ ആകട്ടെ, മുലയൂട്ടിയ മണ്ണിൻടെ ഗന്ധം ഒന്ന് വേറെ തന്നെ. ഇവിടെ വസിക്കുന്നു, ഓർമ്മയായിട്ടെൻഗിലും എന്ടെ പിതൃക്കൾ, സ്നേഹിതർ, ഗുരുക്കന്മാർ. എനിക്കിഷ്ടം പകർന്നു തന്നവർ, നല്ലത് പറഞ്ഞു തന്നവർ. അവരിലൊരാൾ പ്രൊഫ ലീലാവതി ടീച്ചർ.
കാലം
രണ്ടു വർഷം മുന്പ് പ്രൊഫ ലീലാവതിയെ കാണാൻ ചെന്നപ്പോൾ വീടിൻടെ ജനവാതിലിലൂടെ നോക്കിയതോർക്കുന്നു. ഊൺ മേശക്കരികിൽ ഒന്ന് ചെരിഞ്ഞ്, അൽപ്പമൊന്ന് കുനിഞ്ഞ്, എന്തോ വായിക്കുന്നു. എന്ടെ അമ്മമ്മ, നാലപ്പാട്ടെ ബാലാമണിയമ്മ നിൽക്കുന്നതുപോലെത്തന്നേ. വെള്ള മുണ്ട്. ചുവന്ന ബ്ലൊസ്സ്. നെറ്റിയിൽ വട്ടത്തിൽ ചന്ദനം. അതിനു നടുക്ക് ചുവന്ന കുങ്കുമം. അമ്മമ്മയുടെ നെറ്റിയിൽ എപ്പോഴും ഭസ്മമാണുണ്ടാകാറ്. നിറമുള്ള ജാക്കറ്റുകളിട്ട അമ്മമ്മയെ ഒരിക്കലും കണ്ടിട്ടില്ല. ടീച്ചറോടെനിക്ക് സ്നേഹം തോന്നി. സംസാരിക്കാൻ തുടങ്ങിയപ്പോൾ അതിലേറെ ആദരവും, അദ്ഭുതവും, കൂടെ സന്തോഷത്തിന്ടെ വക്കിൽനിന്നൊരു കണ്ണുനീർത്തുള്ളിയും മനസ്സിൽ തിങ്ങിക്കൂടി.
പണ്ട് ബാംഗ്ലൂറിൽ നിന്നു എടപ്പള്ളിയിലുള്ള എന്റെ അമ്മ സുലോചനയുടെ വീട്ടിലേയ്ക്ക് പോകുമ്പോൾ അവിടെ അമ്മമ്മയും ഉണ്ടാകുമായിരുന്നു. പിന്നെ ഉരുളൻകിഴങുപ്പേരിയും, പുളീഞ്ചിയും. അമ്മമ്മയ്ക്ക് അതാണിഷ്ടം. അമ്മ ഒരുക്കിയ താഴത്തെ വെള്ള മുറിയിൽ, സർവോദയിൽ നിന്നു കൊണ്ടുവന്ന വെള്ള പേയിൻറ്ടിച്ച കട്ടിലിൽ, വെള്ള പ്രിന്റുള്ള ബെഡ്ഷീറ്റിൽ ഇരിക്കുന്ന ഒരു ചെറിയ അമ്മമ്മ. മാതൃത്വത്തിന്ടെ കവി. “അക്ഷരങ്ങളുടെ തമ്പുരാൻ എന്ന് അവരെ പരീക്ഷിത്ത് തമ്പുരാൻ വിളിച്ചു.
“നമ്മുടെ ഗ്രഹണശക്തിക്കും രുചിക്കും പ്രതീക്ഷയ്ക്കും അപ്പുറത്തേക്ക് വളർന്നു കഴിഞ്ഞ കവിയാണവർ. ഇന്നും അവർ അമ്മ തന്നെ. മുലകുടിക്കുന്നത് അണ്ഡകടാഹം മുഴുവനുമാണെന്ന് മാത്രം.” വെളിപ്പെടുത്തിയത് മഹാകവി അക്കിത്തം.
അമ്മമ്മക്ക് എപ്പോഴും ഖാദി വസ്ത്രം. മൂന്നു ഇതളുള്ള ചെറിയൊരു സ്വർണക്കമ്മൽ. കഴുത്തിലെ വലിയ രുദ്രാക്ഷമാല മാറിൽ എടുത്തുനിന്നു. കറുപ്പും വെളുപ്പും കലർന്ന നേരിയ തലമുടി കെട്ടാൻ ഒരു കറുത്ത റിബൺ കഷണം. മതിലിൽ അച്ഛാച്ചൻ വി. എം നായരുടെ ഒരു ഫോട്ടോ. ഈ കൊച്ചു മുറിയിലിരുന്ന് എത്ര സൂക്ഷ്മ തലങ്ങളിലേക്ക് അവർ സഞ്ചരിച്ചിരിക്കുന്നു!
സുലോചന നാലപ്പാടെഴുതിയ ബാലാമണി അമ്മയുടെ മോണോഗ്രാഫിൽ ‘വിശ്രമം’ (1976) എന്ന കവിതയുടെ ചില വരികൾ ഓർക്കുന്നു. ഇനി തൂലിക വിട്ട് തന്നിലേക്ക് ചേരാൻ ജഗദംബിക വിളിക്കുന്നു. എന്നാൽ ആ ഘട്ടത്തിൽ അത്യഗാധകളിലൂടെയുള്ള സഞ്ചാരമല്ല അവർക്ക് സാന്ത്വനം നല്കുന്നത് എന്നവർ എഴുതുന്നു. മറിച്ച്, ഇതിൽപരം കയ്യിലുള്ള തൂലിക മറ്റൊരിന്ദ്രിയമായി മാറിയിരിക്കുന്നതിനാൽ, വിശ്വത്തിലൂടെ അതുവെച്ച് തുഴയാൻ തന്നെയാണ് കവിയുടെ തീരുമാനം!
“അമ്മമേ ആരാണീശ്വരൻ, എവിടെയാണയാൾ ഇരിക്കുന്നത്, എനി ക്കൊന്ന് കാണണം, തൊടണം,” ഞാൻ ചോദിച്ചതായി ഓർക്കുന്നു. ആ ചോദ്യത്തെ വിരലുകളൊന്ന് കുടഞ്ഞ് നിസ്സാരമാക്കിക്കളഞ്ഞു അമ്മമ്മ.
“അത് പറ്റില്യ, പറയൂ,” ഞാനും വിട്ടില്ല. ഉമ്മറത്തേക്ക് നടന്ന് ജനലിനടുത്തുള്ള സോഫമേൽ ഇരുന്ന് മടിയിലേക്ക് വീണ സൂര്യരശ്മികളെ നോക്കിക്കൊണ്ട് അമ്മമ്മ പറഞ്ഞു. “ഇതന്നെ.” തന്ത്രവും മന്ത്രവും എല്ലാം ശീലിച്ച അവരുടെ പക്കിൽനിന്ന് ഏതോ വലിയ തത്ത്വം കേൾക്കാനാണ് ഞാൻ ആഗ്രഹിച്ചത്. അധികം സംസാരിക്കാറില്ല, പക്ഷേ ആ മുഖത്ത് എപ്പോഴും ഒരു ചെറിയ ചിരി ഉണ്ടാവും. ആരെങ്കിലും ചെവിയിൽ സ്നേഹവാക്കുകൾ മന്ത്രിക്കുന്നുണ്ടാവും. ഉള്ളിലെ സ്നേഹത്തിന്ടെ ഉറവിടം തുറന്നിട്ടുണ്ടാവും. എനിക്കു മനസ്സിലായി.
ഹായ്! കാലത്തിലൊരു കൊച്ചുവിള്ളൽ!
കഴിഞ്ഞ പ്രാവശ്യം കോവിഡിനിടയിൽ ലീലാവതിട്ടീച്ചറെ കാണാൻ പറ്റിയില്ല. എന്നാലിപ്പോളിതാ തൃക്കാക്കരയിലെ ടീച്ചറുടെ വീടെത്തി! മനസ്സിലെന്തെന്നില്ലാത്ത സന്തോഷം. ദാ ആ റോഡിന്നരികിലുള്ള വിളക്കുമരത്തിലേക്ക് എന്റെ കണ്ണുകൾ ഓടി. അവിടെ സാധാരണ കാണപ്പെട്ടിരുന്ന പശുവിനെ കണ്ടില്ല. അതിനു തീറ്റി കൊടുത്തിരുന്ന ടീച്ചറുടെ സഹോദര പത്നിയായ ഗീതമ്മായിയേയും കണ്ടില്ല. വലതു വശത്ത് തിക്കിത്തിരക്കി ഒറ്റക്കാലിന്മേൽ ഒരു പേരമരം ചെരിഞ്ഞു നിലക്കുന്നു. പദ്മശ്രീയും, സരസ്വതി സമ്മാനുമ് തേടിവന്ന അവരുടെ പേര് മുൻ വശത്തെ തിളക്കം കുറഞ്ഞ മതിലിൽ സൂക്ഷിച്ച്നോക്കിയാലും കാണാൻ പ്രയാസം. പേരും പദവികളും വന്നുവീഴുകയല്ലാതെ അവർക്കതൊക്കെ ഓർക്കാൻ എവിടെ സമയം?
ഞാനും അമ്മയും ആ കറുത്ത ഗെയ്റ്റ് തുറന്നു അകത്തേക്ക് കയറി. പിൻ വശത്തുള്ള, ഒരുമിച്ച് കളിച്ചു വളർന്ന കൂറ്റൻ ഇലഞ്ഞി- മാവ് അറിഞ്ഞിരിക്കും ഞങ്ങൾ വന്നത്. ഒന്നാം നിലയിലെ പുസ്തക സഞ്ചയത്തിലേക്കുള്ള കോവണിപ്പടി വലതു വശത്ത് പ്രത്യക്ഷമായി. മുഖമുയർത്താതെ ഞാൻ ഇടംകണ്ണിട്ടു നോക്കി. കടമിഴി കോണുകളിൽ സ്വപ്നം മയങ്ങി!
അയ്യോ! അന്ന് വന്നപ്പോൾ ഇവരുണ്ടായിരുന്നില്ലല്ലോ! ഇപ്പോഴിതാ അവർ ഇവിടെയും ഇരിക്കാൻ തുടങ്ങി. പുസ്തകങ്ങൾ, മാസികകൾ. വരിവരിയായി പടികളിൽ ഇരിപ്പുറപ്പിച്ചിരിക്കുന്നു. രണ്ടുപടി താണ്ടിയാൽ അകത്തെത്തും. അവിടെയും ടീച്ഛർക്ക് കാവലായി ഒരു വലിയ സൈന്യം തല ഉയർത്തി മിണ്ടാതെ നില്ക്കുന്നു. ഞാൻ തല താഴ്ത്തി മാസ്ക് മൂക്കിനു മുകളിലേക്ക് കയറ്റി അമ്മയുടെ പിറകിൽ നടന്നു; പുസ്തകങ്ങളുടെ, ജ്ഞാനത്തിന്റെ മാസ്മരിക ലോകം മോഹിച്ചുകൊണ്ട്. സൽക്കാര മുറിയെത്തും മുൻപുള്ള ചുവന്ന കോവണിക്കരികിൽ ഞാൻ നിന്നു. വീതി കുറഞ്ഞ പടികളിൽ കാലും നീട്ടി അതേയിരുപ്പിൽ അവരും ഇരിക്കുന്നു, അന്നും ഇന്നും. കേട്ടു ഞാൻ, കനകച്ചിലങ്കയുടെ കിലുക്കം!
‘തച്ഛന്റെ മകൾ’ ഒരു വശത്ത്, ഒരു ബുധിനി മറുവശത്തൊഴുകുന്നു. നീർമാതളത്തിന്ടെ സുഗന്ധം പരക്കുന്നു. വള്ളത്തോളും എഴുത്തച്ഛനും ഇടശ്ശേരിയും. ദാ Adonais- ഇന്റെ കയ്യിൽ ഒരു കഷണം കടലാസ്സ്- Negative capabilities. അവരുടെ മടിയിൽ തലമേൽ കൈയും വെച്ച് കീടസ്. അതാ Lycidas അടുത്ത്. ശൂർപ്പണഖ, കൈകേയി. മാധവിയുടെ കൈ പിടിച്ചിരിക്കുന്ന ബാലാമണിയമ്മ. ചിന്താവിഷ്ടയായ സീത അരികിൽ. പിന്നെ രാവണൻ, ദുശ്ശള. ഒരു കടുംനീലമേഘത്തിന്റെ മടിയിൽ മഹാകവി ജി. കവിയുടെ മടിയിൽ നക്ഷത്രങ്ങൾ, ഒരോടക്കുഴൽ, തോളിൽ ചിറക് വിറപ്പിക്കുന്ന ഒരു മഞ്ഞപ്പൂമ്പാറ്റയും. ആറാം പടിയിൽ ഒരു കൊച്ചുതൊമ്മൻ, പാത്തുമ്മയുടെ ആടിൻടെ വിളി കേൾക്കുന്നു. ലാൻഡിങ്ങിൽ മൂലയിൽ, നന്നങ്ങാടി. അതിനകത്തുനിന്നു എലികളുടെ കരച്ചിൽ. N V അരികത്തു. ഇല്ലാത്തവരാരും ഇല്ല. ഒരുപടിയിൽ ഒറ്റയ്ക്കൊര് മൂലയിൽ നാലപ്പാടൻടെ ആർഷജ്ഞാനം. ദാ! മുകളിലത്തെ പടിയിൽ സി. ആർ. രാധാകൃഷ്ണൻ പന്തുകളിട്ടമ്മാനമാടുന്നു! അതോ കാലത്തെയോ?! സഹധർമിണി വൽസല ഭർത്താവിനെ അന്തോം കുന്തോം വിട്ടു സ്നേഹിച്ചിട്ടുണ്ടാവും. ഉറപ്പ്. ആ ഒഴുക്കിന്റെ കൃഷ്ണവർണ്ണ മടിയിലല്ലേ ബ്രഹ്മാണ്ഡങ്ങൾക്ക് കായ്ച്ച് വളരാൻ പറ്റൂ? തൊട്ടടുത്ത് ദാ ബ്രഹ്മവും.
അതിന്ടെ ചിറകുകളാണോ ആവോ കാലത്തെ തള്ളി മാറ്റി എനിക്കായി ഒരു സുവർണ നിമിഷം സൃഷ്ടിച്ചിവിടെ
കൊണ്ടെത്തിച്ചത്? കോവണിപ്പടി കയറുമ്പോൾ ആരെയും ചവിട്ടാതെ വളരെ സൂക്ഷിച്ചുവേണം നടക്കാൻ. ഭാഗ്യം! ഇവരുടെ ലോകങ്ങളിൽ ചേക്കേറാൻ. എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടാവും.
വെളിച്ചം പകരുന്നവർ
സൽക്കാര മുറിയിൽ ടീച്ചർ കസേരമേൽ ഇരിക്കുന്നു. ഗീത തർജ്ജമ ചെയ്തത് പ്രൂഫ് റീഡിംഗ് ചെയ്യുകയാണ്! അവർക്കു വയസ്സു 96. അതു സ്റ്റുഡൻറ്സ് ആർക്കെങ്കിലും ഏറ്റെടുത്തൂടേ എന്ന് തോന്നി. ഇവർക്കെപ്പോഴും നല്ലത് വരട്ടെ, മനസ്സ് മന്ത്രിച്ചു. കുറച്ചു നേരം അമ്മയും ടീച്ചറും വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. മുറ്റത്തെ തുളസിയും, എലഞ്ഞി-മാവും എന്നെ വിളിച്ചു. ഞാൻ അവരുടെ അടുത്തേക്ക് പോയി. വർഷങ്ങളായി ടീച്ഛർക്ക് തണലേകുന്ന വൃക്ഷങ്ങളോട് ഞാൻ വിശേഷം ചോദിച്ചു. എന്ത് വിശേഷം, അവർ പറഞ്ഞു. ടീച്ചർ എന്ന കാറ്റ്, കൊടുംകാറ്റ്, അവരുടെ ആഴമേറിയ ചിന്തകളുടെ കുളിർമ്മയേറ്റ്, നന്മയറിഞ്ഞ്, ഞങ്ങളിതാ ആകാശങ്ങളെ ലക്ഷ്യം വെച്ചു വളർന്നുയരുന്നു. അല്ലാതെന്താ വിശേഷം!
വർഷങ്ങൾക്കു മുൻപ് സാഹിത്യ അക്കാദമിയുടെ ഒരു കവി സമ്മേളനത്തിൽ എന്നേയും വിളിച്ചിരുന്നു. സ്റ്റേജിന്റെ പോഡിയം, അതിനു പിറകിൽ ഒരു ചെറിയ രൂപം. പ്രൊഫ ലീലാവതി. താഴെ ഇരിക്കുന്നവർക്ക് കാണാൻ തന്നെ പറ്റുന്നില്ല. പക്ഷേ അവരുടെ ശബ്ദമുഴക്കം തെറ്റില്ല. അത് ഏറ്റവരുടെ മനസ്സൊന്ന് തകിടം മറിഞ്ഞിരിക്കണം. കത്തിജജ്വലിക്കുന്ന സൂര്യൻ കടലിൽ മുങ്ങുന്നതിന് മുൻപൊന്നു വക്കത്ത് ശങ്കിച്ച് നിൽക്കും. ആദ്യമായി നീന്തൽ പഠിക്കുന്നവരെ പോലെ. പിന്നെ മുങ്ങിക്കലങ്ങിത്തെളിയും. ബാലാമണിയമ്മയുടെ ‘വാസനച്ചെപ്പു’കളുമായി വന്നവരെല്ലാം, ശങ്ക വെടിഞ്ഞ് ടീച്ചറുടെ വാക്കുകളിൽ ഊഴമിട്ടിരിക്കണം. ഒരു വെളുത്ത പഞ്ഞിമുട്ടായിവെളിച്ചം നുകർന്നിരിക്കണം.
ബുദ്ധിശക്തിയെ ദിവസവും മൂർച്ചപ്പെടുത്തി എഴുത്തിലൂടെ നമുക്കായി അവർ കാഴ്ചവെച്ചു. സത്യമറിയാനുള്ള വ്യഗ്രത, ദൃഢ നിശ്ചയം, സമാന കാഴ്ചപ്പാട്, ധൈര്യം, ജ്ഞാനം, നന്മ, ഇതിൻടെ എല്ലാം ഉറവിടും സ്നേഹമെന്ന മഹാസാഗരം തന്നെ. ഒരു മുഴുവൻ ജനതയെ ഈ അമ്പുകളുടെ കൂർത്ത ശരശയ്യയിൽക്കിടത്തി പുനരുദ്ധാനം ചെയ്തു. അതാണല്ലോ എഴുത്തുകാരുടെ പണി- വെളിച്ചമേകാൻ. മൃദുലമായ തലങ്ങളിലെ രസത്തെ ഒന്ന് പകർന്നു
തരാൻ, വെളിച്ചത്തിലേക്കൊരു ചായവ് സൃഷ്ടിക്കാൻ. അങ്ങിനെ അടിച്ചേൽപ്പിക്കപ്പെട്ട വിശ്വാസങ്ങളുടെ തിക്കുംതിരക്കിലും നിന്നൊരൽപ്പം ആശ്വാസം നൽകാൻ.
“അക്ഷരങ്ങളാൽ തീർത്ത മച്ചകങ്ങളിൽ
ജീവനർച്ചനക്കായ് ഒരുക്കിയ അത്യഗാധതകളിൽ
കടക്കൂ തായേ വീണക്കമ്പികൾക്കുമേൽ വിരൽ നടത്തൂ
മുഴങ്ങട്ടെ വിശ്വമങ്കള ഗീതം”
‘ജ്ഞാനദേവതയിൽ’ ബാലാമണി അമ്മ വിളിച്ചു. പറയേണ്ട താമസം
ലീലാവതിട്ടീച്ചറെപ്പോലുള്ളവർ കടന്നിരുന്നിരിക്കണം. 96ാം വയസ്സിലും നിർത്തിയിട്ടില്ല ആ വീണമീട്ടൽ. ഈ കടപ്പാട് തീർക്കാൻ ഈ സമൂഹത്തിന് എന്ത് ചെയ്യാൻ പറ്റും? എങ്ങിനെ ചെയ്യാതിരിക്കും? ചെയ്യണം.
“പഴം എടുത്ത് കഴിക്കൂ, പറമ്പില്ണ്ടായതാ.” അവർ എന്നെ വിളിക്കുന്നു. 1931ൽ കഴിച്ചതാണ്! പിന്നെ തൊട്ടിട്ടില്ല, പഴത്തെ. പണ്ട് ബോർഡിങ് സ്കൂളിൽ പഠിക്കുമ്പോൾ രാവും പകലും പഴശരങ്ങൾ ഏറ്റിട്ട് ഞാൻ തളർന്നതായിരിക്കാം. കഴിച്ചിട്ടും, കഴിക്കുന്നവരുടെ മുഖഭാവം കണ്ടിട്ടുമുള്ള ക്ഷീണമായിരിക്കാം! മനസ്സിന് അതിനോടൊരു വെറുപ്പ്. ടീച്ചർ എന്നെ നോക്കി വരാൻ പറയുന്നു. അച്ചടക്കമുള്ള സ്കൂൾ കുട്ടിയെ പോലെ ഞാൻ പഴപ്പടലയുടെ അടുത്തേക്ക് നടന്നു. അമ്മ എടുത്തു കഴിക്കുന്നു. ഞാൻ അതിനെ ആശങ്കയോടെ തൊട്ടും തിരുമ്മിയും നോക്കി നിന്നു. “എന്താ ഇപ്പോ ഒന്ന് കഴിച്ചാല്, ഭീഷ്മ വ്രതമൊന്നുമല്ലല്ലോ! കഴിച്ചു നോക്കണം, ചിലപ്പോളൾ ഒന്നും പറ്റില്യ!” പഴങ്ങൾ പരിഹസിച്ചു.
ഒരു തടിയൻ പഴത്തിന് മേലെ ഞാൻ ധൈര്യപൂർവം കൈവെച്ചു. ലീലാവതിയുടെ ദൃഷ്ടി അമ്മയുടെ മേലാണ്. അവർ കാണാൻ ഇടയില്ല, എനിക്ക് ഉറപ്പായിരുന്നു. ഞാൻ ഒന്ന് മുങ്ങാൻ തീരുമാനിച്ചു. വെച്ച കൈ മെല്ലെ വഴുതി മാറി, എന്റെ കാലുകൾ പുറത്തേക്ക് നടക്കാൻ തുടങ്ങി!
“എന്താ ഈ കുട്ടി പഴം എടുക്കാതെ പോണെ?!” അതു കേട്ട് ഞാൻ അദ്ഭുതപ്പെട്ടു, ചിരിച്ചു. മുകളിലത്തെ ചില്ലയിലിരിക്കുന്ന പക്ഷിയാണവർ എന്ന സത്യം ഒരു നിമിഷം മറന്നിരുന്നു.
എനിക്കിഷ്ടല്ല അമ്മമ്മേ, ഞാൻ മനസ്സിൽ മന്ത്രിച്ചു.
ചിത്രങ്ങളുടെ കാൻവാസ്
ഓരോ നിമിഷത്തിന്റെയും നിർവൃതി അറിയാതെ നാം ഓരോരുത്തരും കഥാപാത്രങ്ങളായി അലയുന്നു. ചിലപ്പോൾ ഒരു നുള്ളുവാക്കായി, നീളത്തിലൊരു വ്യധയായി, മനസ്സുറക്കാത്തൊരു ഒഴുക്കൻ പ്രവർത്തിയായി, പലരുംകൂടി വരച്ച ഒരു കാൻവാസിൽ കഥാപാത്രങ്ങളായി നാം തൂങ്ങി നിൽക്കുന്നു. പുരാണങ്ങളിൽ, ഗുഹകളിൽ മുക്തി കാത്തു തൂങ്ങി നിൽക്കുന്ന മുനിമാരെ പോലെ. അങ്ങിനെയുള്ള ലീലക്കിടയിൽ വരുന്നു എഴുത്തുകാർ! ഒരു ലീലാവതി, ഒരു ബാലാമണിഅമ്മ… വരകൾ, നിറങ്ങൾ, രൂപങ്ങൾ, ഒന്നു മാറ്റി മീട്ടുന്നവർ. കാൻവാസിൽ കുടികൊള്ളുന്ന നമ്മുടെ മേൽ വെള്ള പൂശുന്നവർ. എങ്കിലും നാമാരും മരിക്കുന്നില്ല. എങ്ങോട്ടുപോയി മരിക്കാൻ? അല്ലെങ്കിൽതന്നെ സൃഷ്ടിയുടെ പാതയിൽ ഓരോ നിമിഷവും മരിക്കുന്നവർക്ക് മരണം വെറുമൊരു മറുവശം. എന്നും മരിക്കുന്നു. ഓർമ്മകൾ, മുഖങ്ങൾ. ഇന്നലെയുടെ ബാക്കി വ്യസനം ഇന്ന്. ഇന്നത്തെ നിർണ്ണയം നാളെ. ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്, മരണവാക്കിനോടാണ് ഭയം, മരണത്തോടല്ല എന്ന്.
സ്കൂളിൽ പഠിക്കുമ്പോൾ കടലാസ്സുകൊണ്ടു ബോട്ടുകളും, വിമാനങ്ങളും നിർമ്മിച്ചിരുന്നു. അതുപോലെത്തന്നെ name place animal thing എന്നു എഴുതിവെച്ച് ഒരു പേപ്പർകളിക്കൂട് സൃഷ്ടിക്കുമായിരുന്നു. വിരലുകൾ അനക്കിയാൽ, നമുക്ക് പ്രീയപ്പെട്ട പേര്, സ്ഥലം, മൃഗം, അല്ലെങ്കിൽ വസ്തു, അത് കാണിച്ചുതരും. അതറിയാൻ വലിയ താല്പര്യവും. മനുഷ്യന് എല്ലാത്തിനോടും ഒരു ഒട്ടലാണ് പതിവ്. മോഹം. ആകാശങ്ങളിൽ ചിതറിക്കിടക്കുന്ന ഒരു ലക്ഷം പഞ്ഞിമുട്ടായികളിൽ ഒന്നിനോടൊരു ഒട്ടൽ നാം സൃഷ്ടിക്കുന്നു. ആ പഞ്ഞിക്കുട്ടിക്കൊരു പേര്- മണ്ടൻ മുത്തപ്പ. ആ പഞ്ഞിക്കുട്ടിക്ക് താമസിക്കാൻ ഒരു സ്ഥലം- പുന്നയൂർകുളം. ലാളിക്കാൻ ഒരു മൃഗം- പുള്ളിപ്പുലി. സ്വന്തമാക്കാൻ ഒരു വസ്തു- വെള്ളി നക്ഷത്രം. അങ്ങനെയും ഒരു ലീല കാൻവാസിൽ!
എഴുത്തുകാർക്ക് മറിച്ചാണ് കളി. കോണിന്റെ ഏറ്റവും താഴെ സ്ഥലം പിടിച്ചിരിക്കുന്ന പഞ്ഞിക്കുട്ടിയിൽ നിന്നും മുകളിലേക്കാണ് അവരുടെ ദൃഷ്ടി പായുന്നത്. ലീലാവതിടീച്ചർ വായിച്ച പുസ്തകം പോലെ- Into an expanding universe. അള്ളാഹുവിൻടെയും ഗുരുവായൂരപ്പന്റെയും വാസസ്ഥലം. ദി ബ്ലാക്ക് ഹോൾ.
ജഗദംബിക, ലീലാവതി, ലളിതാംബിക, ബാലാമണിയമ്മ… ഇവരെല്ലാം വിളിച്ചാൽ വരാത്ത ദൈവങ്ങളുണ്ടോ? ലീലാവതി എന്ന ആകാശത്തിന്ടെ ഒഴുക്കിൽ ഈ കലി കാലത്തിന്റെ കൂടെ സൗജന്ന്യമായി ലഭിക്കുന്ന ചില ഭീകര നിമിഷക്കണങ്ങൾ തലപൊക്കുമ്പോൾ അവയുടെ മേൽ നൃത്തമാടൂ കൃഷ്ണാ. അത് അവരിൽ ഒട്ടിനിൽക്കാതിരിക്കട്ടെ. പ്രതിഷ്ഠയാകാതിരിക്കട്ടെ,
മനസ്സിലൊരു പ്രാർഥനാശകലം മുളപ്പൊട്ടുന്നു.
Ma nishaada prathishtham thvamagam: shashvathi: sama:
Yat kraunchamidhunadekamhavadhi: kamamohitham
ഈ വരികളെ, അപവാദമെ നിനക്കു ശാശ്വതമായൊരു പ്രതിഷ്ഠ ഇല്ലാതിരിക്കട്ടെ, എന്നാണല്ലോ ടീച്ചർ വിവർത്തനം ചെയ്തത്. ഒരു കോടി നന്ദി. അവരെപ്പോലുള്ളവർക്ക്, വഴി കാട്ടിയത്തിന്, വെളിച്ചമൂട്ടിയതിന്.
‘പേനയാൽ തുഴഞ്ഞ ദൂരങ്ങൾ’, ‘poems ഓഫ് ബാലാമണിഅമ്മ’ എന്ന കൃതികളിൽ ഡോ. സുലോചന അവരുടെ അമ്മയുടെ കൈപിടിച്ച് ആ മഹാമനസ്സിൻടെ സുഗന്ധിയാം ഇടനാഴികകളിലേക്ക് കയറിച്ചെന്നു. മറ്റാർക്കും കഴിയാത്തവണ്ണം നമുക്ക് ബാലാമണി അമ്മയെന്ന വ്യക്തിയെയും, കവിയെയും കാഴ്ച വെക്കുന്നു. ഈ അനുഭവങ്ങൾക്കെല്ലാം വളം വെച്ചു തന്ന, കാലിൽ ചക്രങ്ങൾ ധരിച്ചവളുമായ എന്ടെ അമ്മ, സുലോചനയെന്ന കർമ്മയോഗിക്കു പ്രണാമം, സ്നേഹം, വെളിച്ചം.
അനുരാധ നാലപ്പാട്
29 ജൂൺ ബാംഗ്ലൂർ
