ആളുകൾ വരവായി. തെയ്യം കാണാൻ. വടക്കന്മാരുടെ തറവാട്ടു മുറ്റത്ത് ഞങ്ങളും ഇരിപ്പായി. അങ്ങിങ്ങായി കിടക്കുന്നു എന്ടെ ശരീരo- തെങ്ങിൻ കുരുത്തോലച്ചാർത്ത്, പാള, ലോഹം, മഷി, ചന്ദനം, മഞ്ഞൾ, കുങ്കുമം, അരി, കൌങ്ങിൻ തടികൾ, ചുവപ്പ് പട്ടുതുണികൾ, കടകം, തോട. മനസ്സിൻടെ ഭാരം മുടിയിലേന്തി മുഖവും മങ്ങി, പലരും നടക്കുന്നു. എന്നാൽ മനസ്സ് എന്തെന്നറിയാതെ വിശ്വാസത്തിന്ടെ കുളിർ കാറ്റിൽ കുട്ടികളൾ കൊതി തൊന്നും വിധം പാറിക്കളിക്കുന്നു. നാൽപ്പത്തൊന്ന് ദിവസത്തെ വ്രതത്തിന് ശേഷം എന്ടെ മനസ്സും എന്ടെ അരികിൽ ശാന്തനായി ഇരിക്കുന്നു. എങ്കിലും ഇടക്കൊന്നു പതറും, പായും. ഒരു പഴയ അന്യായത്തിന്ടെ ചതിക്കുഴിയിൽ കാലൊന്ന് വഴുതി വീഴും. വസൂരിമാല പൂണ്ടൊരു കാളരാത്രി സിരകളിൽ ഉയിർത്തെഴുന്നേൽക്കും. എന്നാലും ഇപ്പോൾ അവന്ടെ ഗതി എനിക്കു കാണാം. എന്ടെ ചുറ്റുവട്ടത്തു കറങ്ങാനെ കെൽപ്പുളളൂ.
അങ്ങ് കളരിവിളക്കുകൾ തെളിഞ്ഞു, സന്ധ്യാപൂജ തുടങ്ങിയിരിക്കുന്നു. മുന്നൂറോളം വർഷങ്ങള്ക്ക് മുന്പ് ഇവിടെ സമാധി അടഞ്ഞ ഗുരു. പിന്നെ പഞ്ചമൂർത്തി ഭൈരവൻ, പൊട്ടൻ, കുട്ടിച്ചാത്തൻ, ഉച്ചിട്ട, ഗുളികൻ- അഞ്ചു മന്ത്ര മൂർത്തികൾ. അവർ എന്നെ വിളിക്കയായി, മഞ്ഞളിൽ ചാലിച്ച ചുവന്ന സന്ധ്യയെ നെറ്റിയിൽ പതിപ്പിക്കാൻ. എനിക്കൊന്ന് മയങ്ങാറായി. എന്ടെ മുഖത്തെഴുതുമ്പോൾ കൂടെ പക്ഷിലതാതികളും മയങ്ങിയിരിക്കും. ഒരില പോലും അനങ്ങില്ല. അത് പറയേണ്ട താമസം ഒരിലമാത്രം അതാ നന്നായി ഒന്നനങ്ങുന്നു. വെളുത്ത വാവ്. ഭൂമി നിശ്ചലം കാതോർത്തിരിക്കും, ഉയിർത്തെഴുന്നേൽപ്പിന്. എന്ടെ ചിലമ്പിൻ നിശ്വാസവും കാത്ത്.
ഒന്നകലെ എന്ടെ ഒടപ്പിറന്നോർ- നെഞ്ചിൽ ശ്രീവൽസമേന്തിയ വിഷ്ണുമൂർത്തിയും മടയിൽ ചാമുണ്ടിയും കിടപ്പായി. വിഷ്ണുവിന് മുടിയിലേന്താൻ എത്ര താപവും സഹിക്കാൻ കെൽപ്പുള്ള ഞെട്ടില്ലാത്ത, ചുകചുകേ നാലിതളുള്ള കൊച്ചു ചെത്തിപ്പൂ ഉമ്മറത്തിരുന്നു സ്ത്രീകൾ തയ്യാറാക്കുന്നു. സർവ്വ ചരാചരങ്ങളെയും, എല്ലാ നന്മകളെയും തിന്മകളെയും ഒരുപോലെ പുണങ്ങുന്ന വിഷ്ണുഭഗവാൻടെ മുഖത്തെഴുതാൻ മൃദുലമായ പുഷ്പങ്ങൾ തന്നെ വേണം. അദ്ദേഹത്തിന്ടെ നെറ്റിയിൽ ചക്ര രൂപത്തിൽ തിളങ്ങുന്ന സുദർശനം- നല്ല ദർശനം വെളിപ്പെടുന്നു. ഒരു പരുന്തിൻ വാലിന്ടെ അറ്റം. പുള്ളിക്കുത്തുകൾ…
അതാ കയ്യും കെട്ടി കളരി വാതിൽക്കൽ കലശമേന്ദി, കണ്ണും നട്ടു ഞാൻ എന്ന അഭാവം ഇരിക്കുന്നു. എന്ടെ ദേവീ, മഹാമായേ, നിന്നിലേക്ക് ഞാൻ നിശ്ചലം അടുക്കുന്നു. ഈ നാടിന് നിന്ടെ തോറ്റംപാട്ട് കേൾക്കാൻ ധൃതിയായി. എനിക്കും. ചെണ്ടയും കയ്യിലേറി അതാ ഞാൻ തറവാട്ടു മുറ്റത്തേക്കു നടന്നു നീങ്ങുന്നു. ഗുരുക്കന്മാർ മനസ്സിൽ നിറയുന്നു. നിൻടെ കഥകൾ എന്ടെ നാവിൽ തിങ്ങി മുട്ടുന്നു. മന്ത്രങ്ങൾ പൊഴിയും പോലെ ചുണ്ടുകളിലൂടെ വായുവിൽ കലരുന്നു. വസൂരിയെന്ന മഹാരോഗത്തെ ശാന്തമാക്കിയവൾ. ശ്രീ മാഹാദേവൻടെ പൊന്മകൾ. പുതിയ ഭഗവതി. പു തിയോതി. ജനന്മയ്ക്കുവേണ്ടി ഘോര തപസ്സനുഷട്ടിച്ച് തീ കൊണ്ട് കളിച്ച രണ ദേവത. ഈ അമ്മയെ മറക്കല്ലേ കുട്ടികളേ. ശരീരമല്ല കത്തേണ്ടത്. മനുഷ്യ മനസ്സിൻടെ അപാകതകൾ കത്തിക്കരിയണം. പക്വത ഏറും വരേ.
തിരുമൊഴി- ‘എത്ര സ്വയം കത്തിയെരിഞ്ഞാലും ഞാൻ എന്നും പുതിയവളാണ്’. പുതിയ ദൃഷ്ഠി ഉള്ളവൾ. വിവിധ നിമിഷങ്ങളിലെ വിവിധ സത്യങ്ങളിൽ സഞ്ചരിക്കുന്നവൾ. പുതിയവൾ. ഊർജത്തെ, നാഗങ്ങളെ, മാറിലേറ്റി സഹസ്രാരത്തിലേക്ക് നയിച്ചവൾ. ആകാശങ്ങളിലെ സൂക്ഷ്മ ലോകങ്ങളിൽ കുടികൊള്ളുന്ന ഞാനെന്ന അദൃശ്യ സത്യം നിങ്ങൾക്കു വേണ്ടി താഴോട്ടിറങ്ങുന്നു, ഘനീഭവിക്കുന്നു. ഇതാ ഇപ്പോൾ ആശാരിമാർ ഒരു ശരീരം കെട്ടിപ്പണിയാൻ പോകുന്നു. വീണ്ടും ഒരു കുറുമ്പൻ മനസ്സിനെ പൊൻമുടിയിൽ ചൂടാൻ പോകുന്നു. നിങ്ങളെന്നെ ഒന്നടുത്തറിയാൻ.
ഒരു ഈർക്കിലിയുടെ നേരിയ സ്പർശം എന്ടെ കവിളുകളിൽ ഒരു കണ്ണുനീർ ചാല് ഇതാ കീറുന്നു. പിന്നെ ക്രമത്തിൽ ചുവടുവെക്കുന്ന ഒരു പുളളി വ്യഥ, ഒരു തുള്ളി സ്മരണ. പല വര അഹങ്കാരത്തിന്ടെ കെണിയിൽപ്പെട്ട് എന്ടെ കവിളുകളിൽ പക്ഷികൾ കൂടേറുന്നു. ഭൂമീദേവി ഒരു കണ്ണാടി എന്ടെ നേർക്കിതാ നീട്ടുന്നു. എന്തൊരു അദ്ഭുതമേറിയ താളക്രമം പ്രകൃതിയുടേത്! നിറങ്ങളുടേയും വരകളുടെയും, ഭാവങ്ങളുടേയും സ്നേഹക്കൂട്ടായ്മയുടെ ഒരു ആവാസവ്യവസ്ഥ-ecosystem- എന്ടെ തിരുമുടിയിൽ വിരിയുന്നു.
നോക്കൂ, കരിപുരണ്ട കണ്ണുകളിൽ ഒരു ചുടു പാമ്പിൻനാവു പിളരുന്നു. നെറ്റിയിൽ വട്ടത്തിൽ പുള്ളികൾ ചലിക്കുന്നു. മൂക്കിനരികിലൂടെ ഒരു കുന്നിൻനിര നടന്നു നീങ്ങുന്നു. തൊട്ട് താഴെ ഓംകാരം മുഴക്കുന്ന ഒരു ഗുഹ, ഒന്ന് തിരിഞ്ഞാൽ ഇരുണ്ട കാട്. എന്ടെ വട്ട മുടിയിൽ നിന്നു ഒരായിരം ചന്ദ്രന്മാർ ഉദിച്ചുകൊണ്ടേ ഇരിക്കും. നിങ്ങൾക്കുവേണ്ടി. വെള്ളിനക്ഷത്രങ്ങൾ ഇരുട്ടിൽ വെട്ടിത്തിളങ്ങുന്നു. മേഘക്കണങ്ങൾ. വെളിച്ചം കൂർപ്പിച്ചെടുത്ത ഒരു കിളിക്കൊക്ക്, ഒരു മാൻമിഴി, ഒരു പുഷ്പത്തിൻ ഇതള്, ഒരു ശംഘെഴുത്ത് എന്നിലുണരുന്നു. പറയാൻ വിട്ടുപോയൊരു വാക്ക്, ഒരു മൃഗീയ മനസ്സിൻ കേഴലായി പെരുവണ്ണാൻ തുന്നിപ്പിടിപ്പിച്ചിരിക്കുന്നു ഉടയാടയിൽ. ഒടയിൽ പൊൻമക്കളുടെ നീറുന്ന കർമമത്തീപ്പന്തങ്ങൾ ചീറുന്നു. അവയെ ശമിപ്പിക്കാൻ പൊൻകതിർ കുരുത്തോലക്കടലിന്ടെ ഇരമ്പലും കാലച്ചിലമ്പും ഒരുമിച്ച് നൃത്തമാടും നിങ്ങൾക്കുവേണ്ടി ഇന്നിതാ ഇവിടെ.
ആരുടേയോ മുറിവാക്കുകൾ കൊണ്ട്തരുന്നു മനസ്സ്. അവയെ കെട്ടിപ്പിടിച്ച്, തുന്നിക്കൂട്ടി, നോവിൻ കൂറ്റൻ കോട്ട പണുതതിൽ ചുരുണ്ടിരിക്കുന്നു നാം. എന്ടെ ഒരു ദൃഷ്ഠി മതി അതിൽ ഒരു വാതിൽ പിളരാൻ. ഒരു ചിലമ്പൊലി മതി ദീർഘ നിശ്വാസമായി നിങ്ങള്ക്ക് തണലേകാൻ. നോക്കൂ ചുറ്റും. ആകാശങ്ങളിൽ പടുകൂറ്റൻ ഗ്രഹങ്ങൾ ഒരിക്കൽ പോലും താളം തെറ്റാതെ കാന്തവലയങ്ങളിൽ നീന്തുന്നു. ഒരു നിമിഷം ചിന്തിക്കാതെ ഒന്ന് നിൽക്കൂ അതിന്ടെ നടുവിൽ. ആ വലയത്തിന്റെ മിടിപ്പ്, താളം, നിങ്ങളുടെ ഹൃദയങ്ങളിൽ ഒന്ന് കേൾക്കൂ. അനേകകോടി സൂര്യന്മാർ ഉദി ക്കുന്നു, രാപ്പകലുകൾ സൃഷ്ടിക്കുന്നു. ഭൂമിയിലും പ്രകൃതിയുടെ അതേ തെറ്റാത്ത ചലനം- മൃഗം, പക്ഷി, പുഴു, പർവ്വതം, വായു, സമുദ്രം. ഇതിനെല്ലാം ഇടയിൽ അമ്പടാ ഒരു വമ്പൻ ഞാനും! ആ കുറുമ്പനെ ഒന്ന് വിട്ടുപിടിക്കൂ. പ്രകൃതിയെ നിങ്ങൾ എങ്ങിനെ മറക്കും കുട്ടികളെ!
പിറകിൽ വെളിച്ചപ്പാടൻ ഉറഞ്ഞു തുള്ളുന്നതായി ഞാൻ അറിയുന്നു. അസുര വാദ്യം ഉയരുന്നു. നിമിഷങ്ങൾക്കകം കാൽപ്പനികമായി ഒരു കുരുതി നടന്നിരിക്കും. എന്ടെ കുറുമ്പൻ മനസ്സിൻടെ ഉടമയായ ഈ മനുഷ്യശിരസ്സ് നിൻ പാദങ്ങളിൽ വീണിരിക്കും. കുറുംകുഴൽ നാദം നീളുന്നു. എന്ടെ കൈകളിൽ ആരോ അരിയും മഞ്ഞളും ചേർത്തൊരു ചുവന്ന കവചം തേച്ച് പിടിപ്പിക്കുന്നു. അഗ്നിയിൽ നിന്നൊരു ശമനം എനിക്കും ആവശ്യം തന്നെ. ചന്ദനമഞ്ഞളിൻടെ സുഗന്ധമേറി ഒരു തെക്കൻ കാറ്റ് എന്ടെ അരികിൽ ഇരിപ്പായി.
ഇതാ അരി എറിഞ്ഞാടുന്നു ഞാൻ. ഒരുതരം കാന്തവലയം വീശുന്നു. എല്ലാ ഭക്ത ജനങ്ങള്ക്കും മoഗളം വരട്ടേ. അവരുടെ മനസ്സുകളിൽ വിശ്വാസം ഉയരട്ടേ. സൂക്ഷ്മ തലങ്ങളിൽ അവരും എന്ടെ കൂടെ കാൽച്ചുവടുകൾ വെക്കട്ടെ, വൃഥ ഒന്ന് നൃത്തമാടട്ടേ. വൃഥാ. ചുമ്മാ! ഭക്തിയിൽ ചാലിച്ച അറിവ് കുറികൊടുക്കുമ്പോൾ എല്ലാം മറന്ന് അവരിൽ ഞാൻ എന്ന കൊച്ചു സത്യം തെളിയട്ടേ. അന്ധമായ വിശ്വാസക്കൂടുകൾ തകർത്ത് അനുഭവങ്ങളുടെ ആഴങ്ങളിൽ മുങ്ങി അതിൽ നിന്ന് ഉദ്ഭവിക്കുന്ന ബുദ്ധി (awakened intelligence) അറിവെന്ന അമൃതം, ദാനം, ദയവായി സ്വീകരിച്ചാലും.
അമ്മ എല്ലാം അറിയുന്നു, കാണുന്നു, കേൾക്കുന്നു.
ഒരു രാത്രി തല ചായ്ക്കാൻ, തെയ്യത്തിൽ പങ്കെടുക്കാനുള്ള അവസരം തന്ന വടക്കന്മാരെ വീട്ടിലെ ചന്ദ്രമതി, ജനാർദ്ദനൻ നായർ, നാരായണൻ നായർ കുടുംബത്തിന് നന്നിയുണ്ട്. പുതിയ ഭഗവതി- അനീഷ് പെരുവണ്ണാൻ, വിഷ്ണുമൂർത്തി- അഭിജിത് പണിക്കർ, മടയിൽ ചാമുണ്ഡി-സിജിൽ പണിക്കർ, മോഹൻ മാഷ്, മറ്റുകലകാരന്മാർക്കും ഹൃദയം നിറഞ്ഞ നന്നി.
4th മാർച്ച് വെങ്ങര 2023
